ജാലകം

Monday, November 10, 2008

മഴ പെയ്യുമ്പോള്‍.........

മഴ ഇടിച്ചു കുത്തി പെയ്യുകയാണ് .....എന്റെ മുറിയിലെ തുറന്നിട്ട ജനാലയിലൂടെ ഞാന്‍ ഇങ്ങനെ ആ മാസ്മരിക സൌന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു...ഒറ്റയ്ക്കിരുന്നു മഴ കാണാന്‍ കുട്ടിക്കാലത്തെ എനിക്ക് വലിയ ഇഷ്ടമാണ്....കുറച്ചു നേരം മഴ കണ്ടിരുന്നാല്‍ ഞാന്‍ ഒരു സാഹിത്യകാരനും മഴ എന്റെ ഭാവനയുമായി മാറും..ഞങ്ങളൊരുമിച്ചു മനോഹരങ്ങളായ സ്വപ്നങ്ങളുടെ നൂലുകള്‍ നൂല്‍ക്കും, ആ നൂലുകള്‍ മേഘപാളികളില്‍ കെട്ടിയിട്ടു ഇങ്ങനെ പറന്നു നടക്കും......

ഞാന്‍ ഒരു കസേര ജന്നലിനോട് ചേര്‍ത്ത് ഇട്ടുകൊണ്ട്‌ പുറത്തെ സന്ധ്യയിലെക്കും മഴയിലേക്കും നോക്കി ഇരുന്നു ...പുതുമണ്ണിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ച് കയറി ...മഴ തുള്ളികള്‍ ജന്നല്‍ പടിയില്‍ തട്ടി കുറേശ്ശെ എന്റെ മുഖത്തേയ്ക്ക് തെറിക്കുകയാണ്...നല്ല തണുപ്പ്...ഒരു സിഗരെട്ട് എടുത്തു ഞാന്‍ തീകൊളുത്തി ..എന്നിട്ട് ജന്നല്‍ പാളിയിലൂടെ പുറത്തേക്ക് ഊതിവിട്ടു ...പുക മഴ മനഞ്ഞു അപ്രത്യക്ഷമാകുന്നതും നോക്കി കാലി മനസ്സുമായി ഞാന്‍ ഇരുന്നു ...കുറച്ചു നേരം ആ വിനോദം തുടര്‍ന്നു...മുറ്റത്തൂടെ മഴവെള്ളം ഇങ്ങനെ ആലസ്യത്തോടെ ഒഴുകിപോകുന്നത്‌ എനിക്ക് കാണാം ..മഴയുടെ തണുപ്പും കൂടെയുള്ള സുഖകരമായ കാറ്റും ആസ്വദിച്ചു ഇങ്ങനെ ഇരുന്നപ്പോ ഫാനിന്റെ കാറ്റ് എനിക്ക് വളരെ അസഹ്യമായി തോന്നി ...ഞാന്‍ എണീറ്റ്‌ പോയി ഫാന്‍ നിര്‍ത്തി...വീട്ടില്‍ ആരുമില്ലായിരുന്നത് കൊണ്ടു ഏകാന്തതയുടെ തടവില്‍ ആയിരുന്നു ഞാന്‍ അത്രെയും നേരം ...വീണ്ടും ഒരു സിഗരട്ട് കൂടി കൊളുത്തി ..മഴയ്ക്ക്‌ ശക്തി കൂടി ...കൂട്ടിനു മിന്നലും ചെറിയ ഇടിയും ...എത്ര പെട്ടെന്നാണ് മഴയുടെ ഭാവം മാറിയതെന്ന് ഞാന്‍ ഓര്‍ത്തു ..ഇതുവരെ ഒരു പ്രണയാതുരയായ കാമുകിയുടെ ഭാവം ആയിരുന്നു അവള്ക്ക് ....ഇപ്പൊ ഇതാ ഒരു രോഷാകുലമായ പരിവേഷം കൈവന്നിരിക്കുന്നു ...പക്ഷെ ആ വന്യതയ്ക്കും ഒരു നിഗൂഡമായ വശ്യ സൌന്ദര്യം ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു ....മഴവെള്ളം അതിന്‍റെ ആലസ്യം വെടിഞ്ഞു മുറ്റത്തൂടെ കുത്തിയൊഴുകാന്‍ തുടങ്ങി ..ആ വെള്ളപ്പാച്ചിലില്‍ എന്‍റെ മനസ്സും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് ഒഴുകി പോകുന്നത് ഞാന്‍ നോക്കി നിന്നു ...മഴപെയ്തു മുറ്റത്തും തൊടിയിലും ഒക്കെ വെള്ളം കെട്ടുമ്പോള്‍ കടലാസ് തോണി ഉണ്ടാക്കി കളിച്ചതും ..തൊട്ടടുത്ത കനാലില്‍ വെള്ളം നിറയുമ്പോ വീട്ടുകാരറിയാതെ ചാടി തിമിര്‍ക്കാന്‍ പോയതും ,മഴയത്ത് മൂടിപുതച്ചു സുഖിച്ചു കിടന്നുറങ്ങിയതും , ഇതുപോലൊരു മഴക്കാലത്ത് സ്കൂളിന്റെ ഇരുണ്ട വരാന്തയില്‍ വച്ചു ആദ്യ ചുംബനത്തിന്റെ ലഹരി നുകര്‍ന്നതുമൊക്കെ മനസ്സിലൂടെ സിനിമ റീല്‍ പോലെ ഓടിപ്പോയി ....പക്ഷെ അന്നത്തെ മഴ ആസ്വാദനവും ഇന്നത്തെതും തമ്മില്‍ പ്രകടമായ ഒരു വത്യാസമുണ്ടെന്നു എനിക്ക് തോന്നി ...അന്നൊക്കെ ഞാന്‍ മഴയെ അറിഞ്ഞത് ,ആസ്വദിച്ചത് ഇതുപോലെ ജനലഴികളുടെ ബന്ധനത്തില്‍ ഇരുന്നായിരുന്നില്ല...മഴയിലേക്ക്‌ ആവേശത്തോടെ എടുത്തു ചാടി കൊണ്ടായിരുന്നു ...ഇന്നു മഴ കണ്ടപ്പോള്‍ അതുപോലെ ഒന്നു മഴയിലേക്ക്‌ ഇറങ്ങി ചെല്ലാന്‍ ഞാന്‍ ആഗ്രഹിച്ചു ..പക്ഷെ ഒരു മടി ...പനി പിടിച്ചാലോ, ഓഫീസ് കാര്യങ്ങള്‍ ആകെ താരുമാര്‍ ആകും ,വീട്ടുകാര്‍ക്കും പനി പകരും എന്നൊക്കെയുള്ള മനസ്സിന്റെ ആശങ്കകള്‍ക്ക് മുന്നില്‍ എന്‍റെ ആഗ്രഹം മുട്ടു മടക്കി ..എന്‍റെ ചിന്തകളെ മുറിച്ചു കൊണ്ടു ഡോര്‍ ബെല്‍ മുഴങ്ങി ..വീട്ടുകാര്‍ തിരിച്ചു വന്നിരിക്കുന്നു ..മഴയുടെ സംഗീതം ആസ്വദിച്ചിരുന്നത്‌ കൊണ്ടു കാറിന്റെ ഒച്ച ഞാന്‍ കേട്ടിരുന്നില്ല ...ഓര്‍മ്മകളെല്ലാം മനസ്സിന്റെ ഉള്ളറയില്‍ തിരിച്ചു വച്ചു എന്‍റെ അജ്ഞാത കാമുകിക്ക് നേരെ ജന്നല്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഡോര്‍ തുറക്കാന്‍ വേണ്ടി നടന്നു ...മഴ അപ്പോഴും പെയ്തുകൊണ്ടെയിരുന്നു ....എന്‍റെ മനസ്സും .