ജാലകം

Monday, September 15, 2008

നേര്‍കാഴ്ചയുടെ ഓണം


ഓണം എന്നും മലയാളിയുടെ ആവേശം ആയിരുന്നു ,കഴിഞ്ഞ നാളുകളുടെ ഓര്‍മ്മപുതുക്കല്‍ അയിരുന്നു,പിന്നിട്ട ബാല്യത്തിലേക്ക് മനസ്സു കൊണ്ടൊരു തിരിച്ചു പോക്ക് അയിരുന്നു, കാലത്തിന്റെ കുത്തൊഴുക്കില്‍ നശിക്കാതിരിക്കാന്‍ മനസ്സിന്റെ കോണിലെ ഓര്‍മകളുടെ പവിഴപുറ്റില്‍ അഴകെഴുന്നൊരു പവിഴമായി അവന്‍ ഓണത്തിനെ കാത്തുസൂക്ഷിച്ചിരുന്നു.നോസ്ടല്ഗിക് ആയതും നൊമ്പരം ഉണര്‍ത്തുന്നതും പുഞ്ചിരിപ്പിക്കുന്നതുമായ ഒരു പിടി ഓര്‍മ്മകള്‍ പൊടി തട്ടി പുറത്തെടുക്കുന്ന സൌഹൃദത്തിന്റെയും ബന്ധുത്വതിന്റെയും ഒത്തുചെരലുകളും,പൂക്കളങ്ങളും ,ഓണപാട്ടുകളും,ഓണക്കളികളും,ഓണസദ്യയും,ഓണപുടവയും,തുമ്പപൂക്കളും,മാവേലിയുമെല്ലാം അവന്റെ മനസ്സിന്റെ ഉള്ളറകളില്‍ ഭദ്രമായിരുന്നു.അവ വന്നണയാന്‍ അവന്‍ ആകാംഷയോടെ കാത്തിരുന്നിരുന്നു.എന്നാല്‍ ഓണം എന്ന മലയാളിയുടെ ദേശിയോത്സവത്തിനു ഇന്നു നിറം മങ്ങിയ, ശാലീനത നഷ്ടപെട്ട ,കൃത്രിമത്വം നിറഞ്ഞ ഭാവം ആണ് . ഓണക്കളികളും ഓണപാട്ടുകളും ഒക്കെ ഇന്നു എവിടെയോ പോയി മറഞ്ഞിരിക്കുന്നു. ഓണസദ്യയും ഒത്തുചെരലുകളും ഒക്കെ ഒരു പ്രഹസനമായി മാറിയിരിക്കുന്നു. ഒത്തുചെരലുകള്‍ക്ക് മുന്‍പുണ്ടായിരുന്ന ഊഷ്മളതയും സത്യസന്ധതയും കൈമോശം വന്നിരിക്കുന്നു .എല്ലാവരും എന്തിനോ വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആണ് .ഓണം എന്നാല്‍ വിഡ്ഢിപെട്ടിക്ക് മുന്നില്‍ ചടഞ്ഞിരുന്നു മുപ്പത്തിമുക്കോടി മലയാളം ചാനലുകളില്‍ വരുന്ന കോപ്രായങ്ങളും ഓണം സ്പെഷ്യല്‍ സിനിമകളും കാണാനുള്ള അവസരമായി മാറിയിരിക്കുകയാണ് .മാവേലി മഹാരാജാവ് ഇന്നു മിമിക്രികാരുടെ കയ്യിലെ കളിപ്പാവ ആണ്.
"കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം" എന്ന് നമ്മള്‍ പാടി പുകഴ്ത്തിയിരുന്ന ആ മാവേലി നാടു മടങ്ങി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .സമത്വസുന്ദരമായ ഒരു മലയാള നാടിനു വേണ്ടി കാത്തിരിക്കാം.മനസ്സിന്റെ കോണില്‍ എവിടെയെങ്കിലും ഒരു തരിയോളം നന്മയെങ്കിലുമുള്ള,ഓണത്തിനെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും ഞാന്‍ എന്റെ ഈ കന്നി സംരംഭം സമര്‍പ്പിക്കുന്നു.